Month: ആഗസ്റ്റ് 2025

ഒരായിരം പ്രകാശ ബിന്ദുക്കൾ

അമേരിക്കയിലെ വടക്കുപടിഞ്ഞാറൻ അലബാമയിലെ ദി ഡിസ്മൽസ് കാന്യൺ ഓരോ വർഷവും നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു, മെയ്, ജൂൺ മാസങ്ങളിൽ കൊതുകിന്റെ ലാർവകൾ വിരിഞ്ഞ് തിളങ്ങുന്ന പുഴുക്കളായി മാറുമ്പോൾ. രാത്രിയിൽ, ഈ തിളങ്ങുന്ന പുഴുക്കൾ തിളക്കമുള്ള നീല പ്രകാശം പുറപ്പെടുവിക്കുന്നു, ആയിരക്കണക്കിന് പുഴുക്കൾ ഒരുമിച്ച് ഒരു അത്യാകർഷകമായ പ്രകാശം സൃഷ്ടിക്കുന്നു. 
ഒരർത്ഥത്തിൽ, അപ്പൊസ്തലനായ പൗലൊസ് ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ ഇപ്രകാരം തിളങ്ങുന്നവരായി വിശേഷിപ്പിക്കുന്നു. “മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു’’ (എഫെസ്യർ 5:8) എന്ന് അവൻ വിശദീകരിക്കുന്നു. എന്നാൽ ''എന്റെ ഈ ചെറിയ വെളിച്ചം'' എങ്ങനെ ഒരു മാറ്റമുണ്ടാക്കുമെന്ന് ചിലപ്പോൾ നമ്മൾ അത്ഭുതപ്പെട്ടേക്കാം. ഇത് കേവലം ഒരു ഒറ്റയാൾ പ്രവൃത്തിയല്ലെന്ന് പൗലൊസ് അഭിപ്രായപ്പെടുന്നു. അവൻ നമ്മെ 'വെളിച്ചത്തിന്റെ മക്കൾ' എന്ന് വിളിക്കുന്നു (വാ. 8) കൂടാതെ “വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കി” (കൊലൊസ്യർ 1:12) എന്ന് വിശദീകരിക്കുന്നു. ലോകത്തിൽ വെളിച്ചമായിരിക്കുന്നത് ഒരു കൂട്ടായ പരിശ്രമമാണ്, ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രവൃത്തിയാണത്, സഭയുടെ പ്രവർത്തനമാണ്. “പ്രകാശിക്കുന്ന പുഴുക്കൾ” ഒരുമിച്ച് ആരാധിച്ചുകൊണ്ട്, “സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീയ ഗീതങ്ങളാലും തമ്മിൽ സംസാരിക്കുന്നു” (എഫെസ്യർ 5:19) എന്ന ചിത്രത്തിലൂടെ പൗലൊസ് ഈ ആശയത്തെ ശക്തിപ്പെടുത്തുന്നു. 
നിരുത്സാഹപ്പെടുമ്പോൾ, നമ്മുടെ ജീവിത സാക്ഷ്യം ഒരു അർദ്ധരാത്രി സംസ്‌കാരത്തിലെ ഒരു ചെറിയ ബിന്ദു മാത്രമാണെന്ന് കരുതുമ്പോൾ, നമുക്ക് ബൈബിളിൽ നിന്ന് ഉറപ്പ് പ്രാപിക്കാം. നാം ഒറ്റയ്ക്കല്ല. ഒരുമിച്ച്, ദൈവം നമ്മെ നയിക്കുന്നതുപോലെ, നാം ഒരു വ്യത്യാസം വരുത്തുകയും തിളക്കമുള്ള പ്രകാശം പരത്തുകയും ചെയ്യുന്നു. തിളങ്ങുന്ന പുഴുക്കളുടെ സമ്മേളനമായ ഒരു സഭ മറ്റുള്ളവരെ വളരെയധികം ആകർഷിച്ചേക്കാം. 

അടിമത്തത്തിൽ നിന്ന് മോചനം

“നിങ്ങൾ മോശെയെപ്പോലെയാണ്, അടിമത്തത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കുന്നു!’’ ജമൈല വിളിച്ചുപറഞ്ഞു. പാകിസ്ഥാനിൽ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുന്ന അവളും അവളുടെ കുടുംബവും ചൂള ഉടമയ്ക്ക് നൽകാനുള്ള അമിതമായ തുക കാരണം കഷ്ടപ്പെട്ടു. അവരുടെ വരുമാനത്തിന്റെ ഭൂരിഭാഗവും അവർ പലിശ അടയ്ക്കാൻ ഉപയോഗിച്ചു. എന്നാൽ അവരുടെ കടത്തിൽ നിന്ന് ഒരു ലാഭേച്ഛയില്ലാത്ത ഏജൻസി അവരെ മോചിപ്പിച്ചപ്പോൾ അവർക്ക് വലിയ ആശ്വാസം തോന്നി. തങ്ങളുടെ സ്വാതന്ത്ര്യത്തിന് ഏജൻസിയുടെ പ്രതിനിധിക്ക് നന്ദി പറഞ്ഞുകൊണ്ട്, യേശുവിൽ വിശ്വസിക്കുന്ന ജമൈല, ദൈവം മോശയെയും യിസ്രായേല്യരെയും അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി. 
യിസ്രായേല്യർ നൂറുകണക്കിന് വർഷങ്ങൾ ഈജിപ്തുകാരുടെ അടിമകളായി കഠിനമായ സാഹചര്യങ്ങളിൽ കഠിനാധ്വാനം ചെയ്തു. അവർ സഹായത്തിനായി ദൈവത്തോട് നിലവിളിച്ചു (പുറപ്പാട് 2:23). എന്നാൽ അവരുടെ ജോലിഭാരം വർദ്ധിച്ചതേയുള്ളു. കാരണം പുതിയ ഫറവോൻ അവരോട് ഇഷ്ടികകൾ ഉണ്ടാക്കാൻ മാത്രമല്ല, ഈ ഇഷ്ടികകൾക്കുള്ള വൈക്കോൽ സ്വയം ശേഖരിക്കാനും ഉത്തരവിട്ടു (5:6-8). അടിമിത്തത്തിനെതിരെ യിസ്രായേല്യർ നിലവിളിച്ചുകൊണ്ടിരുന്നപ്പോൾ, ദൈവം അവരുടെ ദൈവമാണെന്ന തന്റെ വാഗ്ദത്തം ആവർത്തിച്ചു (6:7). മേലാൽ അവർ അടിമകളായിരിക്കില്ല, കാരണം അവൻ അവരെ 'നീട്ടിയ ഭുജം' കൊണ്ട് വീണ്ടെടുക്കും (വാ. 6). 
ദൈവത്തിന്റെ മാർഗ്ഗനിർദേശപ്രകാരം മോശെ യിസ്രായേല്യരെ ഈജിപ്തിൽ നിന്ന് പുറപ്പെടുവിച്ചു (അധ്യായം 14 കാണുക). ഇന്നും ദൈവം ക്രൂശിതനായ തന്റെ പുത്രനായ യേശുവിന്റെ നീട്ടിയ കരങ്ങളിലൂടെ നമ്മെ വിടുവിക്കുന്നു. ഒരിക്കൽ നമ്മെ നിയന്ത്രിച്ചിരുന്ന പാപത്തിന്റെ വലിയ അടിമത്തത്തിൽ നിന്ന് നാം മോചിതരായിരിക്കുന്നു. നാംഇനി അടിമകളല്ല, സ്വതന്ത്രരാണ്! 

ദൈവസാന്നിധ്യത്തിന്റെ മുൻഗണന

2009-ൽ, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു ഗവേഷക സംഘം ഇരുനൂറിലധികം വിദ്യാർത്ഥികളിൽ, ദൗത്യങ്ങൾ പരസ്പരം മാറുന്നതും ഓർമ്മ വ്യായാമങ്ങളും സംബന്ധിച്ച് ഒരു പഠനം നടത്തി. അതിശയകരമെന്നു പറയട്ടെ, ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുന്ന ശീലമുള്ളതിനാൽ തങ്ങളെത്തന്നെ നല്ല മൾട്ടിടാസ്‌ക്കർമാരായി കാണുന്ന വിദ്യാർത്ഥികൾ, ഒരു സമയം ഒരു ജോലി മാത്രം ചെയ്യാൻ ഇഷ്ടപ്പെടുന്നവരേക്കാൾ മോശമാണ് എന്നു കണ്ടെത്തി. മൾട്ടി ടാസ്‌കിംഗ് അവരുടെ ചിന്തകൾ കേന്ദ്രീകരിക്കുന്നതും അപ്രസക്തമായ വിവരങ്ങളെ ഒഴിവാക്കുന്നതും കൂടുതൽ ബുദ്ധിമുട്ടാക്കി. നമ്മുടെ മനസ്സ് വ്യതിചലിക്കുമ്പോൾ ഫോക്കസ് നിലനിർത്തുന്നത് ഒരു വെല്ലുവിളിയാണ്. 
യേശു മറിയയുടെയും മാർത്തയുടെയും വീട് സന്ദർശിച്ചപ്പോൾ, മാർത്ത ജോലിയിൽ വ്യാപൃതയായിരുന്നു, “വളരെ ശുശ്രൂഷയാൽ കുഴങ്ങി” (ലൂക്കൊസ് 10:40). അവളുടെ സഹോദരി മറിയയാകട്ടെ യേശുവിന്റെ പാദപീഠത്തിൽ ഇരിക്കാനും അവൻ പഠിപ്പിക്കുന്നത് കേൾക്കാനും തയ്യാറായി. തന്നിൽ നിന്ന് ഒരിക്കലും എടുത്തുകളയാത്ത ജ്ഞാനവും സമാധാനവും അവൾ പ്രാപിച്ചു (വാ. 39-42). തന്നെ സഹായിക്കാൻ മറിയോടു പറയണമെന്ന് മാർത്ത യേശുവിനോട് ആവശ്യപ്പെട്ടപ്പോൾ, അവൻ പ്രതികരിച്ചു, “മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി’’ (വാ. 41-42). 
ദൈവം നമ്മുടെ ശ്രദ്ധ ആഗ്രഹിക്കുന്നു. പക്ഷേ, മാർത്തയെപ്പോലെ, നാം പലപ്പോഴും ജോലികളും പ്രശ്‌നങ്ങളും മൂലം ശ്രദ്ധ തിരിക്കുന്നു. നമുക്കാവശ്യമായ ജ്ഞാനവും പ്രത്യാശയും പ്രദാനം ചെയ്യാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്നിരിക്കിലും നാം ദൈവത്തിന്റെ സാന്നിധ്യത്തെ അവഗണിക്കുന്നു. പ്രാർത്ഥനയിലൂടെയും തിരുവെഴുത്തുകളെ ധ്യാനിക്കുന്നതിലൂടെയും നാം അവനോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശവും ശക്തിയും അവൻ നമുക്ക് നൽകും. 

അഭയം നൽകുന്ന ആളുകൾ

അഭയാർത്ഥി കുട്ടികളുടെ കഥകൾ കേട്ടു മനസ്സലിഞ്ഞ ഫിലും സാൻഡിയും അവരിൽ രണ്ടുപേർക്ക് അവരുടെ ഹൃദയവും വീടും തുറന്നുകൊടുത്തു. അവരെ എയർപോർട്ടിൽനിന്നു സ്വീകരിച്ചശേഷം അവർ ഭയത്തോടെ നിശബ്ദരായി വീട്ടിലേക്ക് കാറോടിച്ചു. തങ്ങൾ ഇതിന് തയ്യാറായിരുന്നോ? അവർ ഒരേ സംസ്‌കാരമോ ഭാഷയോ മതമോ ഉള്ളവരായിരുന്നില്ല, എന്നാൽ അവർ ഈ വിലയേറിയ കുട്ടികൾക്ക് അഭയം നൽകുന്ന ആളുകളായി മാറാൻ പോകുന്നു. 
രൂത്തിന്റെ കഥ ബോവസിനെ ചലിപ്പിച്ചു. നൊവോമിയെ പിന്തുണയ്ക്കാൻ അവൾ തന്റെ ജനത്തെ ഉപേക്ഷിച്ചതിനെക്കുറിച്ച് അവൻ കേട്ടു. രൂത്ത് തന്റെ വയലിൽ പെറുക്കാൻ വന്നപ്പോൾ, ബോവസ് അവളെ അനുഗ്രഹിച്ചു: ''നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ’’ (രൂത്ത് 2:12). 
ഒരു രാത്രി ബോവസിന്റെ ഉറക്കം തടസ്സപ്പെടുത്തിക്കൊണ്ട് രൂത്ത് അവന്റെ അനുഗ്രഹത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു. അവന്റെ കാൽക്കൽ എന്തോ ചലിക്കുന്നതുകണ്ട് ഉണർന്ന ബോവസ് ചോദിച്ചു: “നീ ആരാണ്?” രൂത്ത് മറുപടി പറഞ്ഞു: “ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു” (3:9). 
ഒരേ എബ്രായപദം തന്നെയാണ് വസ്ത്രത്തിന്റെ തൊങ്ങലിനും ചിറകിനും ഉപയോഗിക്കുന്നത്. ബോവസ് രൂത്തിനെ വിവാഹം കഴിച്ചുകൊണ്ട് അഭയം നൽകി, അവരുടെ കൊച്ചുമകനായ ദാവീദ് യിസ്രായേലിന്റെ ദൈവത്തെ സ്തുതിച്ചുകൊണ്ട് അവരുടെ കഥയെ പ്രതിധ്വനിപ്പിച്ചു: “ദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു! മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു’’ (സങ്കീർത്തനം 36:7).